Book : കാലം
Author : M.T.VASUDEVAN NAIR
Category : NOVELS
ISBN : 9789386429858
Binding : NORMAL
Publishing Date : 2019-10-30
Publisher : DC BOOKS
Edition : 34
Number of pages : 320
Language : MALAYALAM
"സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നുള്ളൂ...സേതൂനോട് മാത്രം..!! " 'കാലം' പറയുന്നത് സേതുവിന്റെ കഥയാണ്, അതുവഴി ഒരു കുടുംബത്തിന്റെയും കാലഘട്ടത്തിന്റെയും കൂടി കഥ. ബാല്യത്തിൽ തുടങ്ങി യൗവനത്തിൽ ചെന്ന് നിൽക്കുന്ന ജീവിതപശ്ചാത്തലം.അവിടെ സേതുവിനോടൊപ്പം ഓരോ കഥാപാത്രങ്ങളും വളർച്ച പ്രാപിക്കുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളെ തികഞ്ഞ ഭംഗിയോടെ വരച്ചു കാട്ടുകയാണ് എംടി. സുമിത്ര, ഉണ്ണിനമ്പൂതിരി, മാധവന്നായര്, തങ്കമണി, കൃഷ്ണൻകുട്ടി, ഗോപി... കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നു. ഒരോരുത്തർക്കും അവരുടേതായ സ്ഥാനമാനങ്ങൾ നിശ്ചയിക്കപ്പെട്ടിരുന്നു. പുരുഷമേധാവിത്വത്തിന്റെ വലിയ അടയാളങ്ങളും ജന്മി വ്യവസ്ഥയുടെ കൂടിയ ശീലങ്ങളും നോവലിൽ പ്രകടമായി. സ്വപ്നങ്ങൾ നശിച്ച് വീട്ടിൽ ഒതുങ്ങിപ്പോയ സ്ത്രീകഥാപാത്രങ്ങളും കഥയിലെ സ്ഥിരക്കാഴ്ചയായിരുന്നു. സേതു ജീവിച്ചതത്രയും സേതുവിന് വേണ്ടി മാത്രമാണ്. അവന്റെ സുഖങ്ങളിൽ അവന്റെ ലാഭങ്ങളിൽ. ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്ന് യൗവനത്തിന്റെ നിർവികാരതയിലേക്കുള്ള സേതുവിന്റെ സഞ്ചാരം അത്ഭുതപ്പെടുത്തുന്നതായിരുന്നു. സുമിത്രക്കും തങ്കമണിക്കും അപ്പുറം ലളിതയിൽ എത്തി നിന്ന സേതുവിന്റെ സ്ത്രീബോധം പ്രണയത്തിന്റെത് തന്നെ ആയിരുന്നോ എന്നത് ചോദ്യചിഹ്നമാവുന്നു..!! ഇങ്ങനെ നഷ്ടങ്ങളുടെ ശ്രേണിയിൽ ജീവിച്ചുപോന്ന സുമിത്രയും, പ്രണയപരവശയായി ജീവിച്ച തങ്കമണിയും ഉള്ളിൽ നോവുള്ള ഓർമ്മയായി നിലകൊള്ളുന്നു. 'കാലം' ഒരു മാറ്റത്തിന്റെ കൂടി നോവലാണ്. ഗ്രാമഭംഗിയിൽ നിന്നും നാഗരികതയിലേക്കുള്ള മാറ്റത്തിന്റെ, ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്നും യൗവനത്തിന്റെ കളങ്കതയിലേക്കുള്ള മാറ്റത്തിന്റെ, പ്രണയത്തിന്റെ വൈകാരികതയിൽ നിന്നും രതിയുടെ നിർവികാരതയിലേക്കുള്ള മാറ്റത്തിന്റെ. സേതുവിൽ പലയിടങ്ങളിലായി നാം നമ്മളെ തന്നെ കണ്ടെത്തുന്നു എന്നതാണ് സത്യം. മൃഗതീക്ഷ്ണമായ മനുഷ്യവികാരങ്ങളെ മറച്ചുവെക്കാൻ മടിക്കുന്നിടത്ത് വായനക്കാരൻ അവനെത്തന്നെ മനസ്സിലാക്കുന്നു. ഈ തിരിച്ചറിവിന്റെ ഉള്ളറകളിൽ നിന്നാണ് 'കാലം' കാലഘട്ടങ്ങളെ ഭേദിക്കുന്ന നോവലായി മാറുന്നത്. എംടിയുടെ തൂലികയിൽ നിന്ന് മലയാള സാഹിത്യത്തിലേക്ക് അടർന്നുവീണ മറ്റൊരു സുന്ദരസൃഷ്ടി